Kerala
കൂത്താട്ടുകുളം: എംസി റോഡിൽ മീങ്കുന്നത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ കലുങ്കിന്റെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.
ചെങ്ങന്നൂർ മാടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (74) ആണ് മരിച്ചത്. മകൻ ഫാ.സുനു ബേബി കോശി (40), മകന്റെ ഭാര്യ ലിജി റെയ്ച്ചൽ തോമസ് (36) എന്നിവർക്കാണ് പരിക്കേറ്റത്. ആറൂർ പേപ്പതി കവലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ അഞ്ചിനാണ് അപകടം നടന്നത്. തൃശൂരിൽനിന്നു പുനലൂർക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
പരിക്കേറ്റവരെ ഉടൻ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തോമസിന്റെ ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. പ്രദേശവാസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
International
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ കുട്ടികൾ ഉൾപ്പടെ നാല് മലയാളികൾ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.
അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
National
ഹൈദരാബാദ്: അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ തെലുങ്കാനക്കാരായ രണ്ടു യുവതികൾ മരിച്ചു.
മേഘന റാണി (24), കെ. ഭാവന (24) എന്നിവരാണു കലിഫോർണിയയിലെ ബിഷപ് സിറ്റിയിലുണ്ടായ കാറപകടത്തിൽ മരിച്ചത്.
Kerala
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചുകയറി. ആർക്കും പരിക്കില്ല. ദേശീയ പാതയിൽ അമ്പലപ്പുഴ ജംഗ്ഷന് സമീപം തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.
റോഡരികിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച കാറിന്റെ മുൻഭാഗത്തെ ടയർ അപകടത്തെത്തുടർന്ന് പൊട്ടി. കാറിന്റെ മുൻഭാഗം തകർന്നു. കാർ യാത്രക്കാരായ രണ്ട് പേരും പരിക്കുകളില്ലാതെ രക്ഷപെട്ടു.അമ്പലപ്പുഴ പോലീസും സ്ഥലത്തെത്തിയിരുന്നു.